Saturday, February 24, 2007

വെറുതെ
രണ്ടു പേര്‍ക്കിടയില്‍ ഒന്നും
പറയാന്‍ ബാക്കിയാവുന്നില്ലെങ്കില്‍
വെറുതെ ഒരു ഭാഷ എന്തിന്‌?
അക്ഷരങ്ങള്‍ക്കപ്പുറം എഴുതാന്‍ ഒന്നുമില്ലെങ്കില്‍
എന്തിനാണ്‌ ഒരു കത്ത്‌?

വരച്ചിട്ട ചതുരങ്ങളില്‍ ഒതുക്കാനുള്ളതാണ്‌
ബന്ധങ്ങളെങ്കില്‍ വെറുതെയെന്തിനേ

ഒരു വാക്കില്‍ മുറിഞ്ഞു പോകുന്ന
സൌഹൃദം ഹൃദയങ്ങളുടെതാകുന്നതെങ്ങനെ?

ഒരു തുള്ളി കണ്ണുനീരില്‍ കഴുകി കളയാനുള്ളതാണ്‌
പ്രണയമെങ്കില്‍ പിന്നെന്തിനാണിത്ര ബോറൊരു ജീവിതം

Wednesday, February 14, 2007

വളകള്‍

കുപ്പിവളകള്‍ വിപ്ളവത്തെ കുറിച്ചു
സംസാരിച്ചപ്പോഴാണ്‌
അവരെ പൊട്ടിച്ചു കളഞ്ഞത്‌
എങ്കിലും ഓര്‍മ്മ തെറ്റു പോലെ
കൈത്തണ്ടയിലെ പാടുകള്‍.
വിപ്ളവം മറക്കാത്ത കുപ്പിവളകള്‍
ആരുടെയൊക്കെയോ കാല്‍പാദങ്ങളിലെ
മുറിവുകളില്‍ സമാധാനപ്പെട്ടിണ്ടുണ്ടാവും
തീരെ ഒച്ചയില്ലാത്ത സ്വര്‍ണ്ണ വളകളുടെ
മൌനം സഹിക്കാത്തതിനാലാണ്‌
അവരെ പടിയിറക്കിയത്‌
വളഞ്ഞ വളകള്‍ അടുക്കള പാത്രങ്ങളുടെ പ്രതിഷേധങ്ങള്‍
വളകളുറക്കാത്ത കൈത്തണ്ടകള്‍ പരാതിപ്പെടുന്നത്‌
നീണ്ട ഏകാന്തതയെ കുറിച്ചാണ്‌

Wednesday, February 07, 2007

അക്കങ്ങളുടെ ഘോഷയാത്രയില്‍
അതിക്രമിച്ചു കടന്നപ്പോഴാണ്‌
ഠ പിടിയിലായത്‌
രൂപസാദൃശ്യം ബന്ധുത്വമല്ലെന്ന്‌
പൂജ്യം സാക്ഷി പറഞ്ഞപ്പോള്‍
ഠ നാടു കടത്തപ്പെട്ടു
പാഠം വിട്ട ഠ പടി കടന്ന്‌
പുസ്തകത്താളുകള്‍ ക്കുള്ളില്
‍ത ടവിലായി

Monday, February 05, 2007

utuppukal

ഉടുപ്പുകളൊന്നും പാകമാകുന്നില്ല
അളവ്‌ നോക്കി കൃത്യമായി തുന്നിയവ
ചിലത്‌ തല ചെറുത്‌ ഉടല്‍ വലുതെന്ന്‌ പരാതി
മറ്റ്‌ ചിലത്‌ കൈകള്‍ക്ക്‌ ഉടലിനോളം വലിപ്പം
കറുത്ത്‌, വെളുത്ത്‌, ചുവന്ന്‌ അറിയാവുന്ന നിറങ്ങളിലൊക്കെ ഉടുപ്പുകള്‍
ചത്ത വാക്കുകള്‍ വരികള്‍ ഭേദിച്ച്‌ പുറത്ത്‌ വരുമ്പോലെ
പാകമാകാത്ത ഉടുപ്പില്‍ നിന്നും പുറത്ത്‌ ചാടി ചിരിക്കുന്നുതടിച്ചുരുണ്ട ദേഹം.
തെറ്റിയ അളവുകള്‍ മനസ്സിലാകാത്ത വാക്കുകള്‍
"പാകമല്ലാത്തതൊക്കെ വെട്ടിമാറ്റി ശരിപ്പെടുത്താം"
ചിരിക്കുന്നു തുന്നല്‍ക്കാരന്‍
മരിച്ച സൌഹൃദത്തിണ്റ്റെ വാക്കുകള്‍ മാതിരി
തുന്നല്‍ക്കാരണ്റ്റെ കത്രിക പാഞ്ഞു നടക്കുന്നു.
വേണ്ടയീ പരുവപ്പെടുത്തലുകള്‍
പാകമാകാത്ത ഉടുപ്പുകള്‍ക്ക്‌ ചേര്‍ച്ചയുണ്ടാകാം
വാക്ക്‌ നഷ്ടപ്പെട്ട മനസ്സിന്‌
പറയാനാകാത്ത എണ്റ്റെ വാക്ക്‌
പരുവമല്ലാത്തൊരീ കുപ്പായങ്ങള്‍ക്കിടയില്‍
കളഞ്ഞു പോയതാകാം.