Sunday, April 15, 2007

മുറിവുകള്‍

ചില മുറിവുകള്‍ ഇങ്ങനെയാണ്‌
ഒരു മരുന്നിനു മുമ്പിലും
തോറ്റുകൊടുക്കാതെ
നീണ്ടകാലം നീറി നീറി പടരും

മറ്റ്‌ ചിലവ ചെറിയ ആയുസ്സു കൊണ്ട്‌
തണ്റ്റെ സാന്നിദ്ധ്യം
ഒരു അടയാളത്തില്‍ ഒളിപ്പിച്ച്‌
ടിങ്ങ്ചറിണ്റ്റെയോ ലോഷണ്റ്റെയോ
മണത്തില്‍ അലിഞ്ഞു തീരും

പിന്നെയുമുണ്ട്‌
ഓര്‍മ്മകളുടെ
കിണറിനുള്ളില്‍ തപ്പിയെടുക്കേണ്ട
അടയാളങ്ങളായി തിരിച്ചറിയല്‍ കാര്‍ഡില്‍ ഇടം നേടുന്നവ

എങ്കിലും എനിക്കിഷ്ടം
ഒരു അടയാളവും ബാക്കി വക്കാതെ
ഞാനിവിടെയുണ്ടേ എന്ന് വിളിച്ചു കൂവുന്ന
ശല്യക്കാരായ ചതവുകളെയാണ്‌

Tuesday, April 03, 2007

കറുത്ത വഴികള്‍

വഴികള്‍ എന്നുമൊരു കീറാമുട്ടിയാണ്‌
പാടം മുറിച്ചു കടന്ന്‌ ഇടവഴിയിലെ ആദ്യത്തെ വീട്‌
വീട്ടിലേക്കുള്ള ഓരോ വഴിയും
പരിചിതമായ മണങ്ങളിലേക്ക്‌ സ്വദുകളിലേക്കുള്ള മടങ്ങിപോക്ക്‌
സ്വന്തം മരണത്തിണ്റ്റെ സത്യം ഉറക്കെ കൂവുന്ന
കടുകിണ്റ്റെ ശബ്ദമോ തൂവിച്ചൊരിയുന്ന പാലിണ്റ്റെ കരിഞ്ഞ മണമോ
ആറ്റുക്കള വഴിയുടെ ഓര്‍മ്മപ്പെടുത്തല്‍
മുഷിഞ്ഞ പാത്രങ്ങളും സംസാരിക്കുന്ന ചുവരുകളും വീട്ടമ്മയുടെ നിശ്വാസങ്ങളും
ഓരോ അടുക്കള വഴിയുടെയുംബാക്കി പത്രം.

പ്രണയ വഴികള്‍ക്ക്‌ റോസപ്പൂവിണ്റ്റെ മാര്‍ദ്ദവത്തെക്കാള്
‍കരമുള്ളിണ്റ്റെ കൊത്തി വലിക്കുന വേദന.
വിപ്ളവത്തിണ്റ്റെ വഴികള്‍ അക്ഷരങ്ങളിലൂടെയല്ലെന്ന്‌
വൈകി വന്ന വിവേകം.
മരണത്തിണ്റ്റെ വഴി പൊട്ടിച്ചിരിയുടെതാണെന്ന്‌
ഇടയ്ക്കൊക്കെ ഓര്‍മ്മിപ്പിക്കുന്നതവള്‍
പായുന്ന വാഹനത്തിണ്റ്റെ ഇരമ്പലിനപ്പുറം
ഈ കറുത്തു പുളഞ്ഞ വഴികള്‍ഒന്നുമെന്നോട്‌ പറയുന്നില്ല.
വരി വച്ച ഉറുമ്പുകളെ പോലെ നരച്ച കെട്ടിടങ്ങളുടെ
നീണ്ട നിരകളല്ലാതെ ഈ വഴികള്‍ ഒന്നും ബാക്കി വയ്ക്കുന്നില്ല.

Wednesday, March 07, 2007

രൂപങ്ങള്‍

ഓരോ നേറ്‍ രേഖയിലും ഒരു ചതുരത്തിണ്റ്റെ
കൈകള്‍ഒളിഞ്ഞിരിക്കുന്നുണ്ട്‌.
തന്നിലേക്ക്‌ തന്നെ ചുരുങ്ങുന്ന വൃത്തങ്ങളെകുറിച്ചാണ്‌
വരയിലെ ഓരോ വളവുകളും പറയുന്നത്‌
രൂപങ്ങളുടെ ഭാരം മുഴുവന്‍ തലയിലേറിയാകണം
ത്രികോണങ്ങളുടെ കാലുകള്‍ വളഞ്ഞു പോയത്‌
ഉള്ളു പൊള്ളയായ സിലിണ്ടറുകള്‍
ആറുമുഖങ്ങളും പരസ്പരം കാണാന്‍ ശ്രമിക്കുന്ന ക്യൂബുകള്‍
ഉത്തരം കിട്ടാത്ത കടം കഥകള്‍
ജ്യാമിതീയ രൂപങ്ങളുടെ കണ്ണുകെട്ടികളികള്‍ക്കിടയില്‍
എപ്പോഴും തിരിച്ചറിയാനുള്ള ഒരു നോട്ടം ഒളിപ്പിച്ചു വച്ചിട്ടുണ്ട്‌
ഹൃദയത്തിലേക്ക്‌ തിരിച്ചു വച്ച ഒരു കണ്ണാടി .

Saturday, February 24, 2007

വെറുതെ
രണ്ടു പേര്‍ക്കിടയില്‍ ഒന്നും
പറയാന്‍ ബാക്കിയാവുന്നില്ലെങ്കില്‍
വെറുതെ ഒരു ഭാഷ എന്തിന്‌?
അക്ഷരങ്ങള്‍ക്കപ്പുറം എഴുതാന്‍ ഒന്നുമില്ലെങ്കില്‍
എന്തിനാണ്‌ ഒരു കത്ത്‌?

വരച്ചിട്ട ചതുരങ്ങളില്‍ ഒതുക്കാനുള്ളതാണ്‌
ബന്ധങ്ങളെങ്കില്‍ വെറുതെയെന്തിനേ

ഒരു വാക്കില്‍ മുറിഞ്ഞു പോകുന്ന
സൌഹൃദം ഹൃദയങ്ങളുടെതാകുന്നതെങ്ങനെ?

ഒരു തുള്ളി കണ്ണുനീരില്‍ കഴുകി കളയാനുള്ളതാണ്‌
പ്രണയമെങ്കില്‍ പിന്നെന്തിനാണിത്ര ബോറൊരു ജീവിതം

Wednesday, February 14, 2007

വളകള്‍

കുപ്പിവളകള്‍ വിപ്ളവത്തെ കുറിച്ചു
സംസാരിച്ചപ്പോഴാണ്‌
അവരെ പൊട്ടിച്ചു കളഞ്ഞത്‌
എങ്കിലും ഓര്‍മ്മ തെറ്റു പോലെ
കൈത്തണ്ടയിലെ പാടുകള്‍.
വിപ്ളവം മറക്കാത്ത കുപ്പിവളകള്‍
ആരുടെയൊക്കെയോ കാല്‍പാദങ്ങളിലെ
മുറിവുകളില്‍ സമാധാനപ്പെട്ടിണ്ടുണ്ടാവും
തീരെ ഒച്ചയില്ലാത്ത സ്വര്‍ണ്ണ വളകളുടെ
മൌനം സഹിക്കാത്തതിനാലാണ്‌
അവരെ പടിയിറക്കിയത്‌
വളഞ്ഞ വളകള്‍ അടുക്കള പാത്രങ്ങളുടെ പ്രതിഷേധങ്ങള്‍
വളകളുറക്കാത്ത കൈത്തണ്ടകള്‍ പരാതിപ്പെടുന്നത്‌
നീണ്ട ഏകാന്തതയെ കുറിച്ചാണ്‌

Wednesday, February 07, 2007

അക്കങ്ങളുടെ ഘോഷയാത്രയില്‍
അതിക്രമിച്ചു കടന്നപ്പോഴാണ്‌
ഠ പിടിയിലായത്‌
രൂപസാദൃശ്യം ബന്ധുത്വമല്ലെന്ന്‌
പൂജ്യം സാക്ഷി പറഞ്ഞപ്പോള്‍
ഠ നാടു കടത്തപ്പെട്ടു
പാഠം വിട്ട ഠ പടി കടന്ന്‌
പുസ്തകത്താളുകള്‍ ക്കുള്ളില്
‍ത ടവിലായി

Monday, February 05, 2007

utuppukal

ഉടുപ്പുകളൊന്നും പാകമാകുന്നില്ല
അളവ്‌ നോക്കി കൃത്യമായി തുന്നിയവ
ചിലത്‌ തല ചെറുത്‌ ഉടല്‍ വലുതെന്ന്‌ പരാതി
മറ്റ്‌ ചിലത്‌ കൈകള്‍ക്ക്‌ ഉടലിനോളം വലിപ്പം
കറുത്ത്‌, വെളുത്ത്‌, ചുവന്ന്‌ അറിയാവുന്ന നിറങ്ങളിലൊക്കെ ഉടുപ്പുകള്‍
ചത്ത വാക്കുകള്‍ വരികള്‍ ഭേദിച്ച്‌ പുറത്ത്‌ വരുമ്പോലെ
പാകമാകാത്ത ഉടുപ്പില്‍ നിന്നും പുറത്ത്‌ ചാടി ചിരിക്കുന്നുതടിച്ചുരുണ്ട ദേഹം.
തെറ്റിയ അളവുകള്‍ മനസ്സിലാകാത്ത വാക്കുകള്‍
"പാകമല്ലാത്തതൊക്കെ വെട്ടിമാറ്റി ശരിപ്പെടുത്താം"
ചിരിക്കുന്നു തുന്നല്‍ക്കാരന്‍
മരിച്ച സൌഹൃദത്തിണ്റ്റെ വാക്കുകള്‍ മാതിരി
തുന്നല്‍ക്കാരണ്റ്റെ കത്രിക പാഞ്ഞു നടക്കുന്നു.
വേണ്ടയീ പരുവപ്പെടുത്തലുകള്‍
പാകമാകാത്ത ഉടുപ്പുകള്‍ക്ക്‌ ചേര്‍ച്ചയുണ്ടാകാം
വാക്ക്‌ നഷ്ടപ്പെട്ട മനസ്സിന്‌
പറയാനാകാത്ത എണ്റ്റെ വാക്ക്‌
പരുവമല്ലാത്തൊരീ കുപ്പായങ്ങള്‍ക്കിടയില്‍
കളഞ്ഞു പോയതാകാം.